ലൈഫ് ഇന്‍ഷുറന്‍സ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു വ്യക്തിയുടെ ജീവന് നല്കുവാന് സാധിക്കുന്ന സാമ്പത്തിക സംരക്ഷണം എന്നത് മാത്രമാണ്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമ പോളിസി കാലാവധിക്കുള്ളില്‍ മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് തുക നോമിനിയ്ക്ക് ലഭിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ ലക്ഷ്യം എന്നു പറയുന്നത് പോളിസി ഉടമ മരണപ്പെട്ടാല്‍ അയാളുടെ പ്രിയപ്പെട്ടവര്‍ക്ക് മതിയായ സാമ്പത്തിക സംരക്ഷണം നല്‍കുക എന്നതാണ്.
എന്നാല്‍ നമ്മുടെ സമൂഹത്തില്‍ പൊതുവായി കണ്ടു വരുന്ന പ്രവണത ലൈഫ് ഇന്‍ഷുറന്‍സ് ഒരു നിക്ഷേപ മാര്‍ഗ്ഗം ആയി കണക്കാക്കപ്പെടുന്നു എന്നതാണ്. ലൈഫ് ഇന്‍ഷുറന്‍സ് നല്കുന്ന സാമ്പത്തിക സുരക്ഷിതത്വം പലപ്പോഴും എന്താണ് എന്നു മനസ്സിലാക്കുന്നതില്‍ നമുക്ക് തെറ്റുകള്‍ സംഭവിക്കുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്ക്, ജീവിതപങ്കാളിക്കോ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ തന്റെ അഭാവത്തിലും ലഭിക്കുന്ന സാമ്പത്തിക സുരക്ഷിതത്വത്തേക്കാള്‍ അധികമായി പോളിസി കാലാവധി പൂര്‍ത്തിയാവുമ്പോള്‍ തനിയ്ക്ക് ലഭിക്കുവാന്‍ പോകുന്ന "തുക" എത്രയായിരിക്കും എന്നതാണ് പലപ്പോഴും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനു ഭൂരിഭാഗം ആളുകളും അളവുകോല്‍ ആയി സ്വീകരിക്കുന്നത്.
ഇന്‍ഷുറന്‍സ് ഒരു ആസ്തിക്കും സംരക്ഷണം നല്‍കുന്നില്ല; അപകടങ്ങള്‍ മൂലം ആസ്തികള്ക്കുണ്ടാവുന്ന നാശനഷ്ട്ടങ്ങളെ തടയുന്നുമില്ല. ആസ്തികളുടെ ഉടമസ്ഥനോ, അവയെ ആശ്രയിച്ചു കഴിയുന്നവര്‍ക്കോ അപകടങ്ങള്‍ മൂലം ഉണ്ടാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ തടയുവാനാണ് ഇന്‍ഷുറന്‍സ് സംവിധാനം ഉപയോഗപ്പെടുന്നത്. അതിനാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരും മുന്‍പ് ഓരോരുത്തരും പ്രാഥമികമായി ചിന്തിക്കേണ്ടത് തങ്ങളെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് തങ്ങളുടെ അഭാവത്തിലും സാമ്പത്തിക പ്രയാസങ്ങള്‍ നേരിടാതെ ജീവിയ്ക്കുവാന്‍ മതിയായ തുക എത്രയാണ് എന്നതിനെക്കുറിച്ചാണ്.
ജീവിതത്തില്‍ സുനിശ്ചിതമായ ഒന്നാണ് മരണം, എന്നാല്‍ അനിശ്ചിതമായത് അത് എന്ന് എന്നതാണ്. നാളെയുടെ നല്ല നാളുകള്‍ക്കായി സ്വരു കൂട്ടാത്തവര്‍ ആരും കാണില്ല. ഒരു വ്യക്തിയുടെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് ആ വ്യക്തി ജീവിചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുവാന്‍ സാധിക്കാത്ത സാമ്പത്തിക കാര്യങ്ങള്‍ അനേകം ഉണ്ട്.
കുടുംബത്തിനു ആവശ്യമായ സ്ഥിരവരുമാനം - കുടുംബത്തിന്റെ വരുമാനദാതാവ് ജീവിചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും കുടുംബത്തിനു മുന്നോട്ടുള്ള ജീവിതത്തിനു സ്ഥിരമായ വരുമാനം ആവശ്യമാണ്. ഈ വരുമാനം കണ്ടെത്തുവാന്‍ മതിയായതാവണം ഇന്‍ഷുറന്‍സ് തുക
വായ്പകളും മറ്റു ബാധ്യതകളും പൂര്‍ണ്ണമായും തിരിച്ചടയ്ക്കപ്പെടണം - വായ്പകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകള്‍ കുടുംബത്തിനു ഭാരമാവരുത് എന്നുണ്ടെങ്കില്‍ അവ തിരിച്ചടയ്ക്കുവാന്‍ മതിയായ തുക ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നും ലഭിക്കുന്നു എന്നു ഉറപ്പു വരുത്തണം.
അപ്രതീക്ഷിത ചിലവുകള്‍ - ദൌര്‍ഭാഗ്യകരമായ രീതിയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളോ അസുഖങ്ങളോ നേരിടുവാന്‍ തക്ക സാമ്പത്തികം കൂടി കുടുംബാംഗങ്ങള്‍ക്ക് നല്കുവാന് സാധിക്കുന്ന വിധത്തിലാവണം ഇന്‍ഷുറന്‍സ് പോളിസി തുക. അല്ലെങ്കില്‍ പെട്ടെന്നു സംഭവിക്കുന്ന ഇത്തരം അപകടങ്ങള്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ നശിപ്പിച്ചേക്കാം.
ഓരോ വ്യക്തിയ്ക്കും ആവശ്യമായ ഇന്‍ഷുറന്‍സ് സംരക്ഷണം എത്രയായിരിക്കണം എന്നു കണക്കാക്കുവാന്‍ സ്വന്തം ആവശ്യങ്ങള്‍ എന്താണ് എന്നു തിരിച്ചറിയുവാനുള്ള കഴിവ് ശരിയായി ഉപയോഗിച്ചാല്‍ മാത്രം മതിയാകും. ഓരോ വ്യക്തിയുടെയും ഇന്‍ഷുറന്‍സ് പോളിസി പ്രിയപ്പെട്ടവരോടുള്ള സന്ദേശം ആവണം - "ഞാന്‍ നിങ്ങളെ എപ്പോഴും സംരക്ഷിക്കും" എന്നുള്ള സ്നേഹസന്ദേശം.